കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞു. മാനന്തവാടിയിൽ(പട്ടികവർഗം) ഉഷ വിജയനെയും ബത്തേരിയിൽ (പട്ടികവർഗം) ഐ.സി. ബാലകൃഷ്ണനെയും കൽപ്പറ്റയിൽ ടി. സിദ്ദിഖിനെയും സ്ഥാനാർഥികളായി കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇവരിൽ ബാലകൃഷ്ണനും സിദ്ദിഖും സിറ്റിംഗ് എംഎൽഎമാരാണ്. നിയമസഭയിലേക്ക് കന്നി അങ്കമാണ് ഉഷ വിജയന്. തുടർച്ചയായി നാലാം തവണയാണ് ബാലകൃഷ്ണൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
വിവാദത്തിലും കേസിലും കുരുങ്ങിയ അദ്ദേഹത്തിന് അനിശ്ചിതത്വത്തിന് ഒടുവിലാണ് സീറ്റ് ഉറച്ചത്. ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റയിൽ രണ്ടാം ഊഴമാണ് സിദ്ദിഖിന്. സ്ഥാനാർഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ സിദ്ദിഖ് നഗരത്തിൽ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റോഡ് ഷോ നടത്തി. മാനന്തവാടിയിൽ ഉഷ വിജയനും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും ഇന്ന് റോഡ് ഷോ നടത്തും.
കൽപ്പറ്റ മണ്ഡലത്തിൽ ആർജെഡിയിലെ പി.കെ. അനിൽകുമാറായിരിക്കും സിദ്ദിഖിന്റെ മുഖ്യ എതിരാളി. ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പാർട്ടി സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. മാനന്തവാടിയിൽ സിപിഎമ്മിലെ ഒ.ആർ. കേളുവാണ് എൽഡിഎഫ് സ്ഥാനാർഥി. കാലാവധി പൂർത്തിയായ മന്ത്രിസഭയിൽ അംഗമാണ് ഇദ്ദേഹം.
എൻഡിഎയ്ക്കുവേണ്ടി ബിജെപിയിലെ പി. ശ്യാം രാജ് മത്സരിക്കും. ഇടുക്കി സ്വദേശിയായ ഇദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയാണ്.ബത്തേരിയിൽ സിപിഎമ്മിലെ എം.എസ്. വിശ്വനാഥനാണ് എൽഡിഎഫ് സ്ഥാനാർഥി. എ.എസ്. കവിതഎൻഡിഎ ബാനറിൽ ജനവിധി തേടും. അരിമുള സ്വദേശിനിയായ ഇവർ ബിജെപി ബത്തേരി മുൻസിപ്പൽ കമ്മിറ്റി അധ്യക്ഷയാണ്. കവിത ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
പടിഞ്ഞാറത്തറ പതിനാറാംമൈൽ ചുണ്ടക്കണ്ടി ശാന്ത-അണ്ണൻ ദന്പതികളുടെ മകളാണ് 46 കാരിയായ ഉഷ വിജയൻ. ആദിവാസി കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോണ്ഗ്രസ് എടവക മണ്ഡലം പ്രസിഡന്റ്, മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഉഷ നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. എടവക പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എടവക എള്ളുമന്ദം കുട്ടോംനട വിജയനാണ് ഭർത്താവ്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കമാൻഡോയായ അഭയ്കൃഷ്ണ കെ. വിജയ്. വിദ്യാർഥിവിവേകാനന്ദ് എന്നിവർ മക്കളാണ്.
കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട്ട് കാസിം-നബീസ ദന്പതികളുടെ മകനാണ് 52കാരനായ സിദ്ദിഖ്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്(2006-2008), കെപിസിസി ജനറൽ സെക്രട്ടറി (2012-2016), കെപിസിസി വർക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സബർമതി ഗൃഹനിർമാണ പദ്ധതി ചെയർമാൻ, എംവിആർ കാൻസർ സെന്റർ ഡയറക്ടർ, ഇന്ദിരാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ, ഇഗ്മ ചെയർമാൻ, റെയിൽവേ കണ്സൾട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ.
മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല ചന്തു-മീനാക്ഷി ദന്പതികളുടെ മകനാണ് 51 കാരനായ ബാലകൃഷ്ണൻ. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 മുതൽ ബത്തേരി എംഎൽഎയാണ്. ഭാര്യ: ലക്ഷ്മി. കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ എന്നിവർ മക്കളാണ്.